Sunday, October 6, 2013

മാറേണ്ട മാറ്റങ്ങള്‍


രണ്ടു ശരികള്‍
ബഹു.ഡി.പി.ഐ നമ്മുടെ വിദ്യാഭ്യസ സമ്പ്രദായത്തിലെ ചില അപാകതകള്‍ ചൂണ്ടിക്കാട്ടി എഴുതിയ ലേഖനം കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. ലേഖനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രസ്താവനകളും പലരും എഴുതുകയുണ്ടായി. ബഹു.ഡി.പി.ഐ തന്റെ ദീര്‍ഘനാളത്തെ അനുഭവങ്ങളുടെ വെളച്ചത്തില്‍ വസ്തുതാപരമായ ചല കാര്യങ്ങളാണ് തന്റെ ലേഘനത്തിലുടനീളം പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളും യൂണിയന്‍ നേതാക്കളും ഗവണ്മെന്റിന്റെ നയപരമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനത്തെ എതിര്‍ത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ താഴെപറയുന്ന കാര്യങ്ങള്‍ പറഞ്ഞ ശേഷം അഭിപ്രായം പറയുന്നതായിരിക്കും നല്ലതെന്ന് എനിക്ക് തോന്നുന്നു.
UGC അധ്യാപക യോഗ്യതയ്ക്കുള്ള മാനദണ്ഡങ്ങള്‍ പുതുക്കിയതു സംബന്ധിച്ചുണ്ടായ വിവാദങ്ങളും സുപ്രീംകോടതി വിധികളും നാം വായിച്ചറിഞ്ഞല്ലോ?.ഉദ്യോഗാര്‍ത്ഥികള്‍ 65% എന്ന് യോഗ്യത പുനര്‍ നിര്‍ണയിച്ചപ്പോള്‍ യോഗ്യതനേടിയവരുടെ എണ്ണം രണ്ടു ലക്ഷത്തില്‍ നിന്ന് അന്‍പതിനായിരത്തിലേക്ക് കുറഞ്ഞു. ഗുണപരമായ മാറ്റങ്ങള്‍ക്കുവേണ്ടി ഇത്തരം യോഗ്യതാ പുനര്‍നിര്‍ണയങ്ങള്‍ ആവശ്യമാണ് എന്നുള്ളതാണ് UGC നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാനത്തെ പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യസ തലം വരെ അധ്യാപകരുടെ യോഗ്യത എങ്ങനെ പുനര്‍നിര്‍ണയിക്കണം എന്ന ഒരു ചിന്തയാണ് ഇതെഴുതുവാന്‍ പ്രേരിപ്പിച്ചത്.
സ്കൂള്‍തലത്തില്‍ നാം ഇപ്പോഴും കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ (KER) അനുസരിച്ചാണല്ലോ അധ്യാപക നിയമനങ്ങള്‍ നടത്തുന്നത്. ആദ്യം തന്നെ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയശേഷമുള്ള 1950-60 കാലഘട്ടത്തില്‍ നിലനിന്നിരുന്ന കെ.ഇ ആര്‍ പ്രകാരം അധ്യാപക നിയമനത്തിന് അര്‍ഹരായവരുടെ ശേഷി, ലഭ്യത, താല്പര്യം എന്നിവ പരിശോധിക്കാം.
ശേഷി
1950-60 കാലഘട്ടത്തില്‍ മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്നവന്‍ മാത്രമേ SSLC പാസാകുമായിരുന്നുള്ളു. എല്ലാ വിഷയങ്ങളും പാസാകുന്ന ഒരു കുട്ടി മാത്രമേ SSLC പാസാകുമായിരുന്നുള്ളു. അതായത് അന്ന് SSLC പാസാകുന്ന ഒരു കുട്ടിക്ക് TTC യോഗ്യത ഇല്ലാതെ തന്നെ അധ്യാപകനാനകാനുള്ള ശേഷിയുണ്ടായിരുന്നു.
ലഭ്യത
1950-60 കാലഘട്ടത്തില്‍ പ്രൈമറി , ഹൈസ്കൂള്‍ അധ്യാപക യോഗ്യതയുള്ളവര്‍ ലഭ്യമല്ലായിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. അതുപോലെ തന്നെ നിയമനങ്ങളില്‍ സംവരണ തത്വങ്ങള്‍കൂടി പാലിക്കേണ്ടി വന്നപ്പോള്‍ അതിനനുസൃതമായി കെ.ഇ ആര്‍ നിയമങ്ങള്‍ പരിഷ്കരിക്കേണ്ടിയും വന്നു.
താല്പര്യം
1950-60 കാലഘട്ടത്തില്‍ താല്പര്യമുള്ളവര്‍ മാത്രമേ അധ്യാപകവൃത്തിയില്‍ ചേരുമായിരുന്നുള്ളു. അതിനാല്‍ തന്നെ അധ്യപകവൃത്തിയുടെ പരിശുദ്ധി കാത്തു സൂക്ഷിക്കപ്പെട്ടുമിരുന്നു.
ഇന്നത്തെ സ്ഥിതി ഒരുദാഹരണസഹിതം ഞാന്‍ പറയാനുദ്ദേശിക്കുകയാണ്. IED വിഭാഗത്തില്‍ പെടുത്തി എസ്.എസ്,എല്‍.സി യും , പ്ലസ് ടു വും പാസായ ഒരു കുട്ടിയുടെ രക്ഷകര്‍ത്താവിനെ അടുത്തയിടെ കാണുവാനിടയായി. ലോഹ്യം ചോദിച്ച കൂട്ടത്തില്‍ കുട്ടി എന്തെടുക്കുന്നു എന്നു ചോദിക്കാനിടയായി. അടുത്തുള്ളൊരു സ്ഥാപനത്തില്‍ TTC ക്ക് വിടുകയും പത്തു ലക്ഷം രൂപ മുടക്കി ഒരു സ്കൂളില്‍ അധ്യാപികയായി ജോലിയില്‍ കയറുകയും ചെയ്തു എന്നു രക്ഷകര്‍ത്താവ് പറയുകയുണ്ടായി. പത്താം ക്ലാസില്‍ വായിക്കുന്നതിനും പരീക്ഷ എഴുതുന്നതിനും ഒരു സഹായിയുടെ ആവശ്യമുണ്ടായിരുന്ന ( മാനസിക വൈകല്യം മൂലം) ആ കുട്ടിക്ക് എങ്ങനെ ഒരു നല്ല അധ്യാപികയാകുവാന്‍ കഴിയും എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ?.
എങ്കിലും ഒരു കാര്യം കൂടി ഇവിടെ പറയാതിരിക്കാന്‍ വയ്യ. മാനസിക വൈകല്യമുള്ള വിദ്യാര്‍ത്ഥികളെ IED വിഭഗത്തില്‍ പെടുത്തി പ്രത്യേക പരിഗണന കൊടുത്ത് സാധരണ കുട്ടികളുടെ കൂട്ടത്തിലിരുത്തി പഠിക്കുവാനും SSLC, +2, എന്നിവ പാസാകുവാനും സഹായിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടു വന്നത് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മഹത്തായ ഒരു കാര്യമാണ്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന മഹത്തായ ഒരുകാര്യമാണ് ഇതിലൂടെ സാധ്യമായത്. മുന്‍ കാലങ്ങളില്‍ നാലാം ക്ലാസിലോ അഞ്ചാം ക്ലാസിലോ വച്ച് പഠിത്തം അവസാനിപ്പിച്ചിരുന്നവര്‍ പ്ലസ് ടു വരെ പഠിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നു എന്നതും മഹത്തായ ഒരു കാര്യം തന്നെയാണ്.
ഏതൊരു വിദ്യാര്‍ത്ഥിക്കും പത്താംതരവും പ്ലസ് ടുവും പാസാകാമെന്ന നില വന്നപ്പോള്‍ ആര്‍ക്കുവേണമെങ്കിലും TTC, B.Ed, M.Ed എന്നിവ വിദൂരവിദ്യാഭ്യാസമെന്ന അഭ്യാസത്തിലൂടെയും അല്ലാതെയും നേടാം എന്ന നിലയിലെത്തി.
ഗുരു ശിഷ്യ ബന്ധത്തിന്റെ വിലയും വിദ്യാലയത്തിന്റെ മഹത്വവും അറിയുന്നവനായിരിക്കണം അധ്യാപകന്‍. സന്ന്യാസം സ്വീകരിക്കുന്നവന് ചില യോഗ്യതകളൊക്കെ ഉണ്ടായിരിക്കണം എന്നു പറയുന്നതുപോലെ അധ്യാപകനാകുന്നവനും ചില യോഗ്യതകളൊക്കെ ഏര്‍പ്പെടുത്തണം. ചില നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
      1. ഗുരു ശിഷ്യ ബന്ധത്തിന്റെ വിലയും വിദ്യാലയത്തിന്റെ മഹത്വവും അച്ചടക്കവും അനുഭവത്തിലൂടെ അറിയുന്നവനായിരിക്കണം അധ്യാപകന്‍. അപ്പോള്‍ റെഗുലര്‍ സ്ട്രീമില്‍ പഠിച്ച ഒരാളെ മാത്രമെ അധ്യപകനായി നിയമിക്കാവൂ. ( പ്രൈവറ്റ് /വിദൂര വിദ്യാഭ്യസത്തിന്റെ ഭഗമായി യോഗ്യത നേടിയവരെ നിയമിക്കരുത്).
      2. പഠനകാലത്ത് നല്ല അക്കാദമിക് നിലവാരം പുലര്‍ത്തിയവരെ മാത്രമെ അധ്യപകരായി നിയമിക്കാവൂ. അധ്യാപകനിയമനത്തിനുള്ള യോഗ്യത ചോദിക്കുമ്പോള്‍ SSLC, +2, Degree, PG, TTC, B.Ed എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും C+അല്ലെങ്കില്‍ 60% ത്തില്‍ കുറയാത്ത മാര്‍ക്ക് ഉള്ളവര്‍ക്ക് നിയമനം കിട്ടത്തക്ക വിധത്തില്‍ നിയമം കൊണ്ടുവരണം. സംസ്ഥാനതലത്തില്‍ മേല്പറഞ്ഞ അക്കാദമിക്ക് യോഗ്യത നിര്‍ബന്ധമാക്കിയാല്‍ എലിജിബിലിറ്റി ടെസ്റ്റുകള്‍ ഒഴിവാക്കാനും ഉദ്യോഗാര്‍ത്ഥികള്‍ക്കും സര്‍ക്കാരിനും ഒരു തലവേദന ഒഴിവാകുകയും ചെയ്യും.
      3. 1940-50 കാലഘട്ടത്തില്‍ ടിടിസി, ബി.എഡ് എന്നിവ പാസായവരെ കിട്ടാതെ വന്നാല്‍ പ്രൈമറിയില്‍ പത്താംതരം പാസായവരെയും, ഹൈസ്കൂളില്‍ ഡിഗ്രിക്കാരെയും അധ്യാപക തസ്തികയില്‍ നിയമിക്കാനും പിന്നീട് യോഗ്യത നേടാനും നിര്‍ദേശിച്ചിരുന്നു. അതുപോലെ SSLC, +2, Degree, PG, TTC, B.Ed എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും C+അല്ലെങ്കില്‍ 60% ത്തില്‍ കുറയാത്ത മാര്‍ക്ക് ഉള്ളവര്‍ക്ക് അധ്യാപക തസ്തികയില്‍ നിയമനം നല്കാനും അങ്ങനെയുള്ളവര്‍ ലഭ്യമല്ലാത്തപക്ഷം മാത്രം അടുത്ത ഗ്രേഡിലുള്ളവരെ പരിഗണിച്ചുകൊണ്ടും കേരള വിദ്യാഭ്യാസ നിയമ ചട്ടവും, ഉന്നത വിദ്യാഭ്യാസ നിയമവും മാറ്റിയെഴുതണം.
നഴ്സിങ് പോലെയുള്ള ജോലികളില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാദമിക് നിലവാരം നോക്കേണ്ട കാര്യമില്ല. താല്പര്യം മാത്രം നോക്കിയാല്‍ മതി. അതുപോലെതന്നെ ടെക്നിഷ്യന്‍മാരായി ജോലി നോക്കാന്‍ താല്പര്യമുള്ളവരുണ്ടാകാം. അവരുടെയും അക്കാദമിക് നിലവാരം നോക്കേണ്ട കാര്യമില്ല. ജോലിയോടുള്ള താല്പര്യം മാത്രമേ നോക്കേണ്ടതുള്ളു.
അങ്ങനെ ചിന്തിക്കുമ്പോള്‍ പുതിയ വിദ്യാഭ്യാസ സമ്പ്രദായം ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഒരു വിജയം തന്നെയാണ്. പഠനത്തില്‍ മോശമായിരുന്നതും അവഗണിക്കപ്പെട്ടിരുന്നതുമായിരുന്ന ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നേട്ടം. നമ്മുടെ ഗവണ്മെന്റിന്റെ നയപരമായ തീരമാനങ്ങളുടെയും, രാഷ്ട്രീയ ഇച്ഛാശക്തിയുടെയും വിജയമാണ് ഈ നേട്ടം. അതിനാല്‍ തന്നെ ഗവണ്മെന്റ് നിലപാട് അഭിനന്ദനാര്‍ഹമാണ്.
പൊതുവിദ്യാഭ്യസ ഡയറക്ടര്‍ അദ്ദേഹത്തിന്റെ ദീര്‍ഘനാളത്തെ അനുഭവത്തില്‍നിന്നും വസ്തുതാപരമായ ചില കാര്യങ്ങളാണ് നമ്മളോട് തന്റെ ലേഖനത്തിലൂടെ പറയുന്നത്. ഇത് 100% ശരിയുമാണ്. ഒരു പദ്ധതി നടത്തിപ്പിലെ അപാകതകള്‍ സാധാരണക്കാരെ ബോധ്യപ്പെടുത്തുക എന്ന തന്റെ കടമ മാത്രമേ അദ്ദേഹം ഇവിടെ ചെയ്തിട്ടുള്ളു. ഉത്തരവാദിത്വമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള തന്റെ കടമ നിര്‍വഹിക്കുകയാണ് പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ഇവിടെ ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ലേഖനവും അഭിനന്ദനാര്‍ഹമാണ്.
നമുക്ക് ജനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള പൊതു പ്രവര്‍ത്തകരുണ്ട്. നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. പിന്നെ എവിടെയാണ് തകരാറ് എന്നാണ് നാം ചിന്തിക്കേണ്ടത്.
ഈയിടെ നിഷേധ വോട്ട് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഒരു ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ തെരഞ്ഞെടുപ്പു സമ്പ്രദായത്തില്‍ മാറ്റം വരുത്താവൂ എന്നിരിക്കേ സുപ്രീം കോടതിയുടെ നിഷേധ വോട്ട് സംബന്ധിച്ച ഉത്തരവ് ഭരണഘടനാ ഭേദഗതിയാണോ എന്നു ചോദിച്ചാല്‍, അല്ല എന്നും അല്ലേ എന്നു ചോദിച്ചാല്‍ അതെ എന്നും ഉത്തരം പറയേണ്ടി വരും. ഇവിടെ എന്താണ് സംഭവിച്ചത് എന്ന് നമുക്കൊന്ന പരിശോധിക്കാം. തെരഞ്ഞെടുപ്പു സമ്പ്രദായത്തില്‍ കാലാനുസൃതമായ മാറ്റം വന്നില്ല എന്നുള്ളതാണ് പ്രശ്നം. അതായത് ഇന്ന് സാധാരണക്കാരനും നിയമനിര്‍മ്മാണ സഭകള്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കുവാന്‍ കോടതികള്‍ മാത്രമേ ഉള്ളു എന്ന് സാരം. അതായത് നിയമനിര്‍മ്മാണ സഭയുടെ കീഴില്‍ വരുന്ന ഏതൊരു നിയമത്തിനും കാലാനുസൃതമായ മാറ്റം സാധാരണക്കാരന്‍ ആഗ്രഹിച്ചാല്‍ കോടതിയെ സമീപിക്കുകയേ രക്ഷയുള്ളു.
ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും സംസ്ഥാന സര്‍ക്കാരും, പത്തു വര്‍ഷം കൂടുമ്പോള്‍ കേന്ദ്ര സര്‍ക്കാരും ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാറുണ്ടല്ലോ?. ആഭ്യന്തരവിലസൂചിക കണക്കാക്കി ഡി.എ യും നല്കാറുണ്ട്. പത്തു വര്‍ഷം കൊണ്ട് പണത്തിന്റെ വിനിമയത്തില്‍ ഉണ്ടാകുന്ന വ്യത്യാസം നമ്മുടെ സങ്കല്പത്തിനും അപ്പുറത്താണ് എന്നു നാം കണ്ടു കഴിഞ്ഞു. അതിനാല്‍ തന്നെ യഥാസമയം ശമ്പളപരിഷ്കരണം നടന്നില്ല്ലെങ്കില്‍ ജീവനക്കാര്‍ സമരം ചെയ്യുന്നതായും കാണാം.
ഡീസല്‍,പെട്രോള്‍, പാചക വാതകം എന്നിവയുടെ വില നിയന്ത്രിക്കുന്നതിനുള്ള അധികാരം കുറച്ചുനാള്‍ മുമ്പുവരെ സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. എന്നാല്‍ സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി വില നിശ്ചയിക്കുന്നതിനുള്ള അധികാരം ഭാഗികമായി സര്‍ക്കാര്‍ ഒഴിവാകുകയുണ്ടായി.
ഇങ്ങനെ സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ നിയമങ്ങളും പരിഷ്കാരങ്ങളും നടപ്പാകുന്നുണ്ട്. എന്നാല്‍ സാമൂഹ്യ രംഗത്ത് മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ നിയമങ്ങളും പരിഷ്കാരങ്ങളും നടപ്പാകുന്നില്ലതാനും. ഓരോ അഞ്ചു വര്‍ഷം അല്ലെങ്കില്‍ പത്തു വര്‍ഷം കൂടുമ്പോള്‍ ശമ്പളപരിഷ്കരണം നടന്നില്ല്ലെങ്കില്‍ ജീവനക്കാര്‍ സമരം ചെയ്യും, സാമൂഹ്യ രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് കെ..ആര്‍, കെ.എസ്.ആര്‍ എന്നിവ പത്തു വര്‍ഷം കൂടുമ്പോള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും സമരം ചെയ്യുമോ?.
നമ്മുടെ പ്രശ്നം സാമ്പത്തിക പരിഷ്കരണം നടക്കുന്നതുപോലെ സാമൂഹ്യ രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യപ്പെടുന്നില്ല എന്നുള്ളതാണ്. തെരഞ്ഞെടുപ്പു സമ്പ്രദായത്തിലെയും, വിദ്യാഭ്യാസ മേഖലയിലയിലേയും പരിഷ്കരണങ്ങള്‍ക്ക് നാം എപ്പോഴും കോടതികളെ ആശ്രയിക്കേണ്ടിവരുന്നു. കോടതികള്‍ക്ക് നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നേ പ്രവര്‍ത്തിക്കാനാകൂ എന്നതിനാല്‍ പരിഷ്കരണങ്ങള്‍ അസാധ്യമാണുതാനും. കെ...ആര്‍ പരിഷ്കരണത്തെക്കുറിച്ച് നമ്മള്‍ കേട്ടു തതുടങ്ങിയിട്ട് നാളേറെയായി. പക്ഷേ നടന്നില്ല. തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ ചില മാറ്റങ്ങള്‍ ലോകമ്മീഷന്‍ നിര്‍ദ്ദേശിച്ചു . പക്ഷേ അതും നാളിതുവരെ നടപ്പാക്കിയില്ല. അപ്പോള്‍ പിന്നെ ഉന്നതവിദ്യാഭ്യസരംഗത്ത് യു.ജി.സി എന്നപോലെ ഒരു സ്വതന്ത്ര സ്ഥാപനം നമ്മുടെ വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകുകയോ, ഓരോ പത്തു വര്‍ഷം കൂടുമ്പോഴും ( അതായത് സമയബന്ധിതമായി) കെ..ആര്‍, കെ.എസ്.ആര്‍ , തെരഞ്ഞെടുപ്പു സമ്പ്രദായം മുതലായ അടിസ്ഥാന മേഖലകളിലെ ചട്ടങ്ങളും നിയമങ്ങളും കമ്മീഷനെ നിയമിച്ചു പരിഷ്കരിച്ചു നടപ്പാക്കുന്നതിനു നിയമം കൊണ്ടുവരികയോ ചെയ്യേണ്ടിയിരിക്കുന്നു.
അല്ലാത്ത പക്ഷം, ഇങ്ങനെ തുടര്‍ന്നാല്‍ സംഭവിക്കാവുന്ന ഒരുഭവിഷ്യത്ത് ആണ് അമേരിക്കയില്‍ ഈയിടെ സംഭവിച്ചത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിച്ചുകൊള്ളാന്‍ ഗവണ്മെന്റ് ആവശ്യപ്പെട്ടു. ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിച്ച് വീട്ടിലിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് നമ്മളും ചിന്തിക്കേണ്ട സമയമായി എന്നു ചുരുക്കം.
അതായത് പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ ലഖനമെന്ന ശരിയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഗവണ്മെന്റിന്റെ നയപരമായ സമീപനമെന്ന ശരിയും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. കോടതി എന്ന മധ്യസ്ഥന്‍ ഇവിടെ അപര്യാപ്തമാണ് അല്ലെങ്കില്‍ പ്രശ്ന പരിഹാരത്തിന് പ്രാപ്തമല്ലതാനും. അപ്പോള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് യു.ജി.സി എന്നപോലെ നിയമ നിര്‍മ്മാണ സഭകള്‍ക്കും, നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥ സംവിധാനത്തിനുമിടയില്‍ ഉണ്ടാകട്ടെ എന്ന് ആശിക്കാം.
ഇതോടൊപ്പം അണ്ണാ ഹസാരെ പരാജയപ്പെട്ടതെന്തുകൊണ്ട് എന്ന ലേഖനം കൂടി വായിക്കുക.

No comments: